സര്‍ക്കാര്‍ സംവിധാനങ്ങള്‍ സര്‍വ്വ സജ്ജം :മന്ത്രി എം.എം.മണി

ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ സര്‍വ്വ സജ്ജമെന്ന്് മന്ത്രി എം.എം.മണി. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി   കളക്ടറേറ്റില്‍ വിളിച്ച അടിയന്തിര യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗത്തെ കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഒരുമിച്ച് നിന്ന് നേരിടണമെന്നും അതിനായുള്ള മുന്‍കരുതലുകള്‍ ഒത്തൊരുമയോടെ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ജില്ലയിലും ജാഗ്രത നിര്‍ദേശങ്ങളും മുന്‍കരുതലും പാലിക്കുന്നുണ്ട്. വലിയ തോതില്‍ ജനങ്ങള്‍ ഒന്നിച്ചു കൂടുന്ന ഉത്സവം, പെരുന്നാള്‍, വിവാഹം, പൊതുസമ്മേളനങ്ങള്‍ തുടങ്ങിയവക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വിദേശത്ത് നിന്നെത്തുന്നവരെ പരിശോധിക്കാനും, അവരുടെ വിവരങ്ങള്‍ ശേഖരിക്കാനുമുള്ള സംവിധാനങ്ങള്‍ വിമാനത്താവളത്തിലടക്കം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇവര്‍ക്കായി ശാസ്ത്രീയ ബോധവത്കരണത്തിനായുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.  കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന തലത്തില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുള്ളതിനാല്‍  ജില്ല ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും  നിര്‍ദേശം എല്ലാവരും പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.  പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സമാജികര്‍ മണ്ഡലത്തിലുണ്ടാകുന്നതിനാണ് നിയമസഭ മുന്‍ നിശ്ചയിച്ചതില്‍ നേരത്തെ സമ്മേളനം അവസാനിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍  റോഷി അഗസ്റ്റ്യന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജാഗ്രതാ നിര്‍ദേശം പാലിക്കാന്‍ ജില്ലാ ഭരണകൂടം ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് എംഎല്‍എ പറഞ്ഞു.  മാസ്‌കിന് ആവശ്യക്കാര്‍ കൂടുന്നതിനാല്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ തദ്ദേശീയമായി മാസ്‌ക്കുകള്‍ നിര്‍മിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കണമെന്ന് ഇ.എസ് ബിജി മോള്‍ പറഞ്ഞു. സഭാമേലദ്ധ്യക്ഷന്‍മാരുമായി ആലോചിച്ച് മതാചാര ചടങ്ങുകളില്‍ ആളുകള്‍ കൂടുന്നത് ഒഴിവാക്കണം. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് സംവിധാനം ഉണ്ടാക്കണം വ്യാപാര സ്ഥാപനങ്ങളിലെ പൂഴ്ത്തിവെയ്പ്, ആവശ്യ സാധനങ്ങളുടെ വിലകൂട്ടി വില്ക്കല്‍ തുടങ്ങിയവക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പോലീസിനോട് ആവശ്യപ്പെട്ടു. വാഗമണിലെ അഡ്വഞ്ചര്‍ പാര്‍ക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടാന്‍ നിര്‍ദേശം നല്‍കിയതായും അവര്‍ പറഞ്ഞു.
മൂന്നാറിലെ അനധികൃത ഹോംസ്റ്റേകള്‍ വിദേശ സഞ്ചാരികളുടെ കൃത്യമായ വിവരങ്ങള്‍ നല്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് സബ്  കളക്ടര്‍ എസ്. പ്രേംകൃഷ്ണ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. എല്ലാ ടൂറിസ്സ് ഹോംസ്റ്റേ ,ഹോട്ടല്‍, റിസോര്‍ട്ടുകള്‍ക്കും വിദേശത്ത് നിന്നെത്തുന്നവരുടെയും അല്ലാത്തവരുടെയും വിവരങ്ങള്‍ നല്കാന്‍ നോട്ടീസ് നല്കണമെന്ന് സബ്  കളക്ടര്‍ പറഞ്ഞു. ഇതോടനുബന്ധിച്ച് മൂന്നാര്‍ പഞ്ചായത്ത് ഹാളില്‍ ഇന്ന്  (15) രാവിലെ 11 ന്് റിസോര്‍ട്ട്്, ഹോംസ്റ്റെ മറ്റ് ടൂറിസം അനുബന്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രതിനിധികളുടെ യോഗം  മന്ത്രിയുടെ നേതൃത്വത്തില്‍ ചേരും. ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍, ദേവികുളം  സബ് കളക്ടര്‍ എസ്. പ്രേംകൃഷ്ണ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ഹോട്ടല്‍ റിസോര്‍ട്ട് ഉടമകള്‍, തുടങ്ങിയവര്‍ പങ്കെടുക്കും.  

യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എന്‍.പ്രിയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശേഷം ഇടുക്കി മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജെനിസ് എം മുണ്ടോടന്‍ കോവിഡ് 19 ബോധവത്കരണ ക്ലാസ്സ് നയിച്ചു.

 യോഗത്തില്‍ എംഎല്‍എ മാരായ റേഷി അഗസ്റ്റ്യന്‍, ഇ.എസ് ബിജിമോള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്,ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍, ജില്ലാ പോലീസ് മേധാവി പി.കെ മധു, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ആന്റണി സ്‌കറിയ, ദേവികുളം  സബ് കളക്ടര്‍ എസ്. പ്രേംകൃഷ്ണ, ആര്‍ഡിഒ അതുല്‍ സ്വാമിനാഥ് , ജില്ലാ മെഡിക്കല്‍ ഓഫീസര്‍  ഡോ എന്‍.പ്രിയ,  ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ.കെ ഷീല തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. ത്രിതല പഞ്ചായത്ത് പ്രസിസന്റുമാര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *